കൊച്ചി: കുടുംബംപോറ്റാനുള്ള നെട്ടോട്ടത്തിനിടെ പകരക്കാരനായി വാഹനം ഓടിക്കാനെത്തിയ രാജേഷിന്റെ യാത്ര അന്ത്യയാത്രയായി. രണ്ടു വര്‍ഷത്തിനുശേഷമാണ് രാജേഷ്, ബിജു വര്‍ഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാന്‍ ഓടിക്കാനായി കഴിഞ്ഞ 11ന് എത്തിയത്.
തമിഴ്നാട്ടില്‍നിന്നു കോഴി മുട്ട ലോഡുമായി വരുന്നതിനിടെയായിരുന്നു അപകടം. 12ന് രാത്രിയോടെ എറണാകുളത്തെത്തിയതായി വിവരം ലഭിച്ചിരുന്നു. രാത്രി ഒമ്പതിന് എറണാകുളത്ത് ലോഡ് ഇറക്കിയപ്പോളാണ് അവസാനമായി രാജേഷ് വിളിച്ചത്. യാത്രയുടെ ക്ഷീണം കാരണം വിശ്രമിച്ചശേഷമായിരിക്കാം പുലര്‍ച്ചെ യാത്ര പുറപ്പെട്ടതെന്ന് ബിജു വര്‍ഗീസ് പറഞ്ഞു.
അതീവ ശ്രദ്ധയോടെ മാത്രമേ രാജേഷ് വാഹനം ഒടിക്കുകയുള്ളൂ. രണ്ടു വര്‍ഷം മുമ്പ് വരെ തന്റെ വാഹനം ഓടിച്ചിരുന്ന രാജേഷ് ഇടയ്ക്ക് മറ്റ് ജോലികള്‍ക്കും പോയിരുന്നു. പകരക്കാരനായാണ് കഴിഞ്ഞ ദിവസം വാഹനവുമായി പോയത്. രാജേഷിന്റെ അശ്രദ്ധമൂലം മുമ്പ് ഒരിക്കലും ചെറിയ അപകടം പോലും സംഭവിച്ചിട്ടില്ല. ദേശീയപാത അഥോറിറ്റിയുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനു കാരണം.
കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കണമെന്നും ബിജു വര്‍ഗീസ് ആവശ്യപ്പെട്ടു.
പതിച്ചത് 80 ടണ്‍ ഭാരമുള്ള ഗര്‍ഡര്‍
കൊച്ചി: 80 ടണ്‍ ഭാരമുള്ള ഗര്‍ഡര്‍ ആണ് രാജേഷ് സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്കു പതിച്ചത്. പ്രദേശത്ത് 32 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കിടെയായിരുന്നു അപകടം.
ഡ്രൈവർ സീറ്റിനു മുകളിലേക്കാണ് ഇവ പതിച്ചത്. തൂണുകള്‍ക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികള്ക്കു മുകളില്‍ ഗര്‍ഡറുകള്‍ കയറ്റി ഇവിടെനിന്നു ബിയറിംഗിനു മുകളിലേക്ക് ഉയര്‍ത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളില്‍ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ചെരിഞ്ഞു താഴേക്കു പതിക്കുകയുമായിരുന്നു. വീഴ്ച സമയത്ത് സമീപത്തുണ്ടായിരുന്ന ഗര്‍ഡറുകളില്‍ തട്ടിയതാണു സമീപത്തുണ്ടായിരുന്ന ഗര്‍ഡറും വീഴാന്‍ കാരണം.
ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു:നിര്‍മാണ കമ്പനി
കൊച്ചി: അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് അശോക ബില്‍ഡ്കോണ്‍ കോ-ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍.
ഗര്‍ഡര്‍ ഉയര്‍ത്തിയ സമയത്ത് ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഗര്‍ഡര്‍ ഏകദേശം ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷം മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. എന്നാല്‍, വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്ന സമയത്ത് ഒരു വാഹനം കടന്നുപോയി. ഈ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷെന്ന് പിതാവ്
ആലപ്പുഴ: അപകടത്തില്‍ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്ന് പിതാവ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അവസാനമായി അങ്കമാലിയില്‍ എത്തിയപ്പോളാണു വിളിച്ചതെന്നും പിന്നീട് ഫോണില്‍ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മരണവാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മകളുടെ അസുഖവുമായി പലപ്പോഴും ആശുപത്രിയിലായിരുന്നെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.